ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം

കേരളത്തനിമയുള്ള ഭക്ഷണമെന്ന് നാം കരുതിപ്പോരുന്ന സദ്യക്ക് പോലും അന്യ
ദേശ കൂടിച്ചേരലുകൾ സംഭവിച്ചിട്ടുണ്ട്.
സാമ്പാർ അതിനൊരുദാഹരണമാണ്.
സുഗന്ധ വ്യഞ്ജനങ്ങൾ എന്നർത്ഥം വരുന്ന
ചമ്പാരം എന്ന പദത്തോടൊപ്പം തമിഴ് നാട്ടിൽ
നിന്നും വന്നതാണ് സാമ്പാർ.

കേരളത്തിന് പോലും തെക്കും വടക്കും മധ്യവുമായി സദ്യക്ക് വ്യത്യാസങ്ങളേറെയാണ്.
എങ്കിലും പൊതുവായ ഘടകങ്ങളാണ് കൂടുതലും.

ജീവിത പ്രയാസങ്ങളേറെയാണെങ്കിലും ഓണമുണ്ണാൻ കാണംവിൽക്കാൻ വരെ സന്നദ്ധമായിരുന്നവനാണ് മലയാളി.

ശർക്കര ഉപ്പേരി, വറുത്തുപ്പേരി, പപ്പടം, പഴം ,പുളിയിഞ്ചി, മാങ്ങാക്കറി, തോരൻ, നാരങ്ങാക്കറി, പച്ചടി,  കിച്ചടി ,ഓലൻ, അവിയൽ, കൂട്ടുകറി, ചോറ്, പരിപ്പ് ,നെയ്യ്, സാമ്പാർ ,കുറുക്കു കാളൻ, പ്രഥമൻ,പാൽപ്പായസം രസം മോര് ചുക്കുവെള്ളം .
മോഡൽ ഓണസദ്യ യാണ് ഈ പറഞ്ഞത്.
മാംസവിഭവങ്ങളുടെ കുത്തൊഴുക്കിലും
ഓണസദ്യ  ഈ വക സസ്യാഹാരങ്ങൾ കൊണ്ട്
പിടിച്ചു നിൽക്കുന്നുണ്ട്. വടക്കൻ കേരളത്തിൽ മത്സ്യ മാംസങ്ങൾ ഓണസദ്യക്ക് നിർബന്ധമായ സമ്പ്രദായവുമുണ്ട്.

ഓണത്തിന് അണു വീടുകളായി ചിതറിക്കിടക്കുന്ന
വരൊത്തു വന്ന് കുടുംബക്കാരൊരുമിച്ച് സദ്യ ഉണ്ടാക്കുന്ന
രീതിയും ചിലർ പിന്തുടരുന്നതിനാൽ
പാചകം മാനസിക ഐക്യപ്പെടലിന്റ രുചി മേളങ്ങൾ കൂടി സമ്മാനിക്കുന്നുണ്ട്.

ഭക്ഷണം തീർച്ചയായും  ഒരു ശീലമാണ്.
നാം ശീലിച്ചെടുത്തത്.
ജീവിത ശൈലീ രോഗങ്ങളെ കുറിച്ച്
നിരന്തരം കേട്ടു കൊണ്ടിരിക്കുന്ന നാം
ആയുർവേദം ഹിതമായ ആഹാരം ആരോഗ്യത്തെയും അഹിതമായവ രോഗത്തേയും സൃഷ്ടിക്കുന്നുവെന്ന കാഴ്ചപ്പാടിൽ നിന്നാകണം ഭക്ഷണത്തെ വിലയിരുത്തേണ്ടത്.
മത്സ്യ മാംസാഹാര വിരുദ്ധമായ സമീപനം ആയുർവേദത്തിനില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്.

സദ്യ വിളമ്പുന്നത് വാഴയിലയിലാവണം. എങ്കിലേ ഓണസദ്യ പൂർണ്ണമാകൂ -
വാഴ അടിമുടി ഔഷധ ഗുണ സമ്പന്നമാണ്. അപ്പോൾ വാഴയിലക്കുമുണ്ടാകുമല്ലോ ഔഷധ സമ്പന്നത:
സദ്യയിലെ ഇനങ്ങൾ 'ഷഡ് രസം മധുര പ്രായം' എന്ന ആയുർവേദ സിദ്ധാന്തത്തെ ഇത് അനുസരിക്കുന്നുണ്ട്.

അരിയേതെടുക്കണം

മൂന്ന് നേരവും അരിയാഹാരക്കാരനാണ് മലയാളി. നെല്ല് വേവിക്കാതെ ഉമികളഞ്ഞെടുക്കുന്നത് ഉണങ്ങല്ലരിയും
പുഴുങ്ങിയ ശേഷം ഉണക്കി ഉമികളഞ്ഞെടുക്കുന്നത് പുഴുങ്ങല്ലരിയുമാണ്.
പുഴുങ്ങല്ലരിയാണ് സാധാരണ ചോറിന് എടുക്കുക.

വാഴപ്പഴം തൊലി കളഞ്ഞ ശേഷം കഴിക്കുന്നതിനെ അനുകരിച്ച്
ചക്കച്ചുളയിലെ ചുള കളഞ്ഞ് കുരു  മാത്രം കഴിച്ച സായിപ്പിനെ നമ്മൾ തമാശക്കഥകളിൽ ചേർക്കാറുണ്ട്.അതു പോലെ അരിയിലെ ഏറ്റവും പോഷകമുള്ള തവിടെല്ലാം കളഞ്ഞ് വെളുത്ത അന്നജം മാത്രം കഴിക്കുന്നവരായി നാമിപ്പോൾ.

തവിട് നിലനിർത്തിയ അരിയിൽ നാരുകൾ (Fiber) വൈറ്റമിനുകളായ ത യാമിനും നിയാസിനും റൈബോഫ്ലേവിനും ധാരാളമുണ്ട്. ഈ നാരുകൾ രക്തത്തിലെ അമിത കൊഴുപ്പ് അമിത ഷുഗർ നില എന്നിവയുടെ നാരായ വേരറുക്കാൻ ശേഷിയുള്ളവരാണ്. വികസിത രാജ്യങ്ങളിലെ ദന്തക്ഷയത്തിനും വിളർച്ചാ രോഗത്തിനും കാരണം  നാരുകൾ കളഞ്ഞ താരതമ്യേന മൃദുവായ ഭക്ഷണ സാധനങ്ങളാണ്. ധാരാളം ജലമുൾക്കൊള്ളാൻ കഴിയുന്നതു കൊണ്ട് നാരുകൾക്ക് മലബന്ധ മകറ്റാനും  വൻ കുടലിനെ ബാധിക്കു ന്ന രോഗങ്ങളൊഴിവാക്കാനും സാധിക്കും. ഹൃദ്രോഗ ബാധ തടയാനും  ഈ നാരുകൾക്കാവുമെന്ന പഠനങ്ങളുണ്ട്.

ചോറ് വിളമ്പിയതിന്റെ അരികിലായി അല്പം നെയ്യും പരിപ്പും. പുറകെ വരാനിരിക്കുന്ന
പല വിധ രുചികളെ കുറിച്ച് സിഗ്നൽ കൊടുത്ത് ആമാശയത്തെ റെഡിയാക്കി നിർത്താനാണ്.

ചോറിനു മേലൊഴിക്കുന്ന ചെറുപയർ പരിപ്പുകറിയാണ് . വറുത്തെടുത്ത പരിപ്പ് സ്വാദും ദഹന സാധ്യതയും വർദ്ധിപ്പിക്കും. പരിപ്പും മഞ്ഞളും  തേങ്ങയും ജീരകവുമാണ്. പ്രധാന ചേരുവകൾ .
ആയുർവേദം ആഹാരത്തെ രസപ്രധാനമായാണ് കണക്കാക്കുന്നത്.
പരിപ്പുകറിയിൽ മധുരം, ലവണം എന്നീ രസങ്ങളാണ് പ്രമുഖർ.

ഇനി ഒഴിക്കാനുള്ള സാമ്പാറിനെ
സ്പൈഡ് വെജിറ്റബിൾ സൂപ്പ് എന്ന് വിളിക്കാം. രക്തത്തിലെ കൊളസ്ട്രോൾ നില കുറയ്ക്കാൻ സഹായിക്കുന്ന
തുവരപ്പരിപ്പ്, വൈറ്റമിൻ, മിനറൽസമൃദ്ധമായ വെള്ളരിക്ക, പടവലങ്ങ ,ബ്രെയിൻ ഫുഡ് എന്ന് വിളിക്കുന്ന കത്തിരിക്ക, ഫ്ലവനോയ്ഡുകൾ എന്ന ആന്റി ഓക്സിഡന്റുകളുള്ള ചുവന്നുള്ളി, സവാള, ലൈക്കോപീൻ  എന്ന മറ്റൊരു ആന്റി ഓക്സിഡന്റുള്ള തക്കാളി,കാരറ്റെന്ന കരോട്ടിൻ കലവറ, കാൻസറിനെ പ്രതിരോധിക്കുന്ന മഞ്ഞൾ, രക്താതിമർദ്ദത്തെയും പ്രമേഹത്തെയും തടയുന്ന ഉലുവ, ഇതെല്ലാം ചേർന്ന താണ്സാമ്പാർ, കൊഴുപ്പിൽ ലയിക്കുന്ന vit A, E ,K, ലൈക്കോപിൻ, കരോട്ടിൻ, എന്നിവ ശരീരത്തിന് ലഭ്യമാക്കാൻ സഹായിക്കുന്ന കടുക് താളിക്കലും കഴിഞ്ഞ്സമ്പൂർണ്ണാ ഹാരമായി മാറുന്നു സാമ്പാർ.
എരിവ് അമ്ലം ലവണം എന്നീ രസങ്ങൾക്കാണ് സാമ്പാറിൽ പ്രാമുഖ്യം.

ഭീമസേനനും, അവിയലും തമ്മിലൊരു ഐതിഹ്യകഥാ ബന്ധമുണ്ട്. വനവാസകാലത്ത്
പാചകമൊന്നും വശമില്ലാതിരുന്ന ഭീമസേനൻ വിരാടന്റെ അടുക്കളയിൽ വച്ച് കൈയിൽ കിട്ടിയ പച്ചക്കറികളെല്ലാം ചേർത്തുണ്ടാക്കിയതാണ് അവിയൽ എന്ന് കഥ.
ധാരാളം നാരുകളും ലവണങ്ങളും വൈറ്റമിനുകളുമുള്ള വെള്ളരിക്ക, പടവലങ്ങ, എന്നിവയും അന്നജ പ്രധാനമായ ചേന ,നേന്ത്രക്കായ എന്നിവയും അവിയലിലുണ്ട്.
സസ്യങ്ങളിൽ സങ്കീർണ്ണ സംയുക്ത രൂപത്തിൽ അടങ്ങിയിട്ടുള്ള കാൽസ്യത്തെ സ്വതന്ത്രമാക്കുന്നതും വേഗത്തിൽ ആഗിരണം ചെയ്യുന്നതുമാണ് അവിയലിൽ ചേർക്കുന്ന പുളി.
തിളച്ച് വരുമ്പോൾ ചേർക്കുന്ന പച്ച വെളിച്ചെണ്ണ അവിയലിലെ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കറിവേപ്പിലയിലെ കരോട്ടിൻ അവിയലിലേക്ക് ഒലിച്ചിറങ്ങുകയും പ്രത്യേക സുഗന്ധവും നൽകുന്നു.പ്രമേഹരോഗികൾക്കും, രക്താതിമർദ്ദമുള്ളവർ ക്കും , അവിയൽ നല്ലൊരു ആഹാരമാണ്
സർവ രസങ്ങൾക്കും പ്രാധാന്യമുണ്ട് അവിയലിൽ 'അമ്ല 'രസം ഇത്തിരിയധികമെന്നു മാത്രം.

അന്നജം മാംസ്യം വൈറ്റമിൻ ബി ഇരുമ്പ് എന്നിവ സമൃദ്ധമായ വൻപയറും കരോട്ടിൻ ധാരാളമുള്ള മത്തങ്ങയും ചേർന്നതാണ് എരിശേരി. മത്തങ്ങക്കു പകരം പപ്പായ ചേർക്കുന്നവരുമുണ്ട്.
എരിശേരി യിലാണെങ്കിൽ എരിവും ലവണവുമാണ് മുഖ്യ രസങ്ങൾ.

കായയും ചേനയും മോരും മഞ്ഞളും കുരുമുളകും ചേർത്തുണ്ടാക്കുന്ന കാളൻ ഉദരരോഗങ്ങൾക്കുള്ള ഒരു മരുന്ന് കൂടിയാണ്. ഖളമെന്ന സംസ്കൃത വാക്കിൽ നിന്നാവണം കാളൻ എന്ന വാക്കുൽ ഭവിച്ചത്. പാൽ പുളിപ്പിച്ചുണ്ടാക്കുന്ന തൈരിലെ ഗുണകരമായ ബാക്ടീരിയ ദഹനത്തിനും മറ്റു പോഷകങ്ങളുടെ ആഗിരണത്തിനും സഹായിക്കുന്നു.
അമ്ലം ലവണം എരിവുമാണ് കാളനിലെ പ്രധാന രസങ്ങൾ.

തേങ്ങാപ്പാലും ,ഇളയ കുമ്പളങ്ങയും , ചേർത്ത ഓലൻ ഊർജം കുറഞ്ഞതും പോഷകമൂല്യം കൂടിയതുമാണ്. 94 % ജലാംശമുള്ള ഇളവൻ ചേരുന്നതിനാൽ മൂത്രത്തെ പുറത്തു കളയാൻ കഴിവുണ്ട് ഓലന് .ശ്വാസകോശ ഉത്തേജകവും ബുദ്ധി വർദ്ധനവുമാണ് . പ്രമേഹം അമിതവണ്ണം രക്തസമ്മർദ്ദക്കാർ എന്നിവർക്ക് ഓലൻ ഉത്തമമാണ്.
മധുരം ലവണവുമാണ് ഓലൻ.

വെള്ളരി ,കുമ്പളം, കയ്പക്ക ,മോര് എന്നിവ ചേരുന്ന പച്ചടി വിശപ്പിനെ ഉണ്ടാക്കുകയും ദഹന പ്രക്രിയ എളുപ്പമാക്കുകയും ചെയ്യും.
അമ്ലം, എരിവ്, ലവണം എന്നിവയാണ് പച്ചടിയിൽ കൂടുതലുള്ള രസങ്ങൾ.

ഇഞ്ചി ,പച്ചമുളക്, കറിവേപ്പില ഇവ ചേരുന്ന രസവും സംഭാരവും ദഹനത്തെ സഹായിക്കുന്നതിനോടൊപ്പം ആൻറി ഓക്സിഡന്റുകളുടെ കലവറ സമ്മാനിക്കുകയും ചെയ്യും.
പ്രസവിച്ച് കിടക്കുന്നവർക്ക് രസം നല്ലൊരു ഒഴിച്ചു കറിയാണ് .പനി ബാധിതർക്കും ദഹനക്കേടുള്ളവർക്കും ഗുണം ചെയ്യും രസം.
എരിവ്,അമ്ലം ,ലവണം എന്നിവയാണ് രസത്തിലെ രസങ്ങൾ.

മഹൗഷധമെന്ന് വിളിപ്പേരുള്ള ഇഞ്ചി അടങ്ങിയ ഏത് വിഭവവും ദഹനശക്തി കൂട്ടുന്നതും വിശപ്പുണ്ടാക്കുന്നതും ആണ് ആമാശയാർ ബുദത്തെ പ്രതിരോധിക്കുന്നതാണെന്ന ആധുനിക പഠനങ്ങളുമുണ്ട്. ഇഞ്ചിക്കറിയെന്ന തൊടുകറി അങ്ങിനെയാണ് സദ്യയിലെ സ്റ്റാറാകുന്നത്.
ആദ്യഘട്ടം ഇതര രസ വിഭവങ്ങൾ കഴിഞ്ഞാൽ നാവിനെയും ആമാശയത്തെയും ഇനി കഴിക്കാൻ പോകുന്ന പായസങ്ങൾക്കുള്ള സാത്മ്യത വരുത്താൻ വഴിയൊരുക്കാനാണു ശർക്കര പുരട്ടി .അതുകൊണ്ടുതന്നെ അതിന് എരുവുകലർന്ന മധുരമാണ്‌.

പ്രഥമനും പാൽപായസവും ഊർജം കൂടിയ പദാർത്ഥമാണ്. മാംസ്യം കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. മിതമായി ഉപയോഗിക്കേണ്ടതാണ് പായസങ്ങൾ. ആർത്തിക്ക് കീഴ്പ്പെടാതെ വിശപ്പിനനു സരിച്ച് മാത്രം കഴിക്കുക.

സാമ്പാറും ചോറും കഴിയുമ്പോൾ ദഹനം ക്രമപ്പെടുത്താൻ രസവും മോരും ചേർക്കും. ചിലയിടത്ത് പായസത്തിന് ശേഷമാണ് മോരും ചോറും വിളമ്പുന്നത്.

സദ്യ അവസാനിപ്പിക്കേണ്ടത് പച്ച മോരു ചേർത്ത്കുഴച്ച ചോറുകഴിച്ചിട്ടോ, മോരുകുടിച്ചിട്ടോ ആവണം.
മോര് ത്രിദോഷ ശമന ഗുണമുള്ള താണ്. ദഹനാഗ്നിക്ക് ആയുർവേദം സ്ഥാനം കൊടുത്ത ഗ്രഹണിയിലാണു മോരിൻെറ പ്രവർത്തനം. അതായത് കഴിച്ച ഗുരുവും ലഘുവുമൊക്കെ അനായാസേന ദഹിപ്പിക്കാനുള്ള ചാലകശക്തിയാകുന്നതു മോരാണ്. ഭോജനാന്തത്തിൽ എന്താണ് കഴിക്കേണ്ടത് എന്ന ചോദ്യത്തിന് "തക്രം ശക്രസ്യ ദുർലഭം " എന്ന മറുപടിയിൽ ദേവന്മാർക്ക് അമൃത് എന്ന പോലെ ഗുണസമ്പന്നമാണ് മനുഷ്യർക്ക് മോര് എന്ന് അടിവരയിടുന്നു.

എല്ലാം കഴിഞ്ഞ് വയറിലെ അസിഡിറ്റി ബാലൻസ് ചെയ്യാൻ ഒരു ചെറുപഴം കൂടി കഴിച്ച് ഇല മടക്കലാണ് പതിവ്

സദ്യ ഒരു സങ്കര ഭക്ഷണമാണ് .അത് വല്ലപ്പോഴുമൊക്കെ ആകാം. ശീലമാക്കുന്നത് നന്നാകില്ല. സദ്യ കഴിഞ്ഞാൽ ക്ഷീണം കൂടും. നന്നായി കഴിച്ചാൽ ശരിക്കും കഫഉൽക്ലേശം ഉണ്ടാകും.

മഴമാറി മാനം തെളിഞ്ഞു തുടങ്ങുന്ന ഈ കാലത്ത് എല്ലാം ഒത്തു ചേർന്ന് നിൽക്കുന്നതാണ് ഓണാഘോഷം.. സുഹൃത്ത് ബന്ധു സമാഗമം, പാട്ട്, നൃത്തം, കളി, മത്സരം, മനസ്സ് നിറഞ്ഞ ആഹാരം.. എന്ന് വേണ്ട... ജീവിതത്തെ സ്നേഹിക്കാൻ വേണ്ട എല്ലാ കാരണങ്ങളും കണ്ടെത്താൻ സ്വയം മറന്ന് ആഘോഷിച്ച ഒരൊറ്റ ഓണക്കാലം മതി..

അടുത്ത ഒരു വർഷത്തേക്കുള്ള റീചാർജ് ഒറ്റ ആഘോഷത്താൽ നിറയ്ക്കാൻ വീണ്ടുംഓണ മെത്തുന്നു'.....
ഹൃദയം നിറഞ്ഞ ഓണാശംസകളോടെ
Dr Sijin Soorya M 
@ Info Drs Ayurveda FB Page

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.